പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ തന്നെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും എന്നാൽ പാർട്ടിയുടെ നിർദ്ദേശപ്രകാരം മാത്രമേ നിലപാടുകൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയപ്പോഴാണ് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
താൻ നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാന ചടങ്ങിനായാണ് അദ്ദേഹം പാലക്കാട്ടെത്തിയത്. പാർട്ടിയാണ് തന്നോട് മത്സരിക്കാൻ പറഞ്ഞതെന്നും, വേണ്ടെന്ന് വെച്ചാൽ മത്സരരംഗത്തുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഹുലിനെ മാറ്റിനിർത്തി രമേഷ് പിഷാരടിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾ സജീവമാണെന്നാണ് സൂചനകൾ. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.വി. സതീഷ്, മച്ചിങ്ങൽ ഹരിദാസ് എന്നിവർക്കൊപ്പമാണ് അദ്ദേഹം എംഎൽഎ ഓഫീസിലെത്തിയത്.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ജനുവരി 11-നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ, ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
