ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളെയും സമഗ്ര പുനരധിവാസം എന്ന നിലയ്ക്കാണ് സുശക്തി ഭിന്നശേഷി സ്വയംസഹായസംഘം പദ്ധതി നടപ്പിലാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് ഏതെങ്കിലും ഒരു വിഭാഗത്തെ കൈപിടിച്ചു നടത്തുക എന്ന് പറയുമ്പോൾ ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം കടന്നുവരുന്ന പേര് കുടുംബശ്രീയുടെതാണ്. സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്തത ലക്ഷ്യം വച്ചാണ് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് അന്നത്തെ എൽഡിഎഫ് സർക്കാർ കുടുംബശ്രീക്ക് തുടക്കമിട്ടത്. കുടുംബശ്രീയുടെ മാതൃകയിലാണ് സുശക്തി മിഷന് തുടക്കമിടുന്നത്. നിലവിലുള്ള സംരംഭകരെ സഹായിക്കുകയും, പുതിയ വ്യക്തികളെ സംരംഭക മേഖലയിലേക്ക് കൈപിടിച്ചുയർത്താനും ഇതിലൂടെ കഴിയും. ഭിന്നശേഷിക്കാരുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിരവധി ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ പലതും ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റി.
നിലവിലുള്ള സംരംഭകരെ സഹായിക്കുന്നതിനൊപ്പം പുതിയ വ്യക്തികളെ സംരംഭക മേഖലയിലേക്ക് കൊണ്ടുവരാനും മിഷൻ ലക്ഷ്യമിടുന്നു. ആധുനിക കാലത്ത് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമായ ബ്രാൻഡിംഗും വിപണന സൗകര്യങ്ങളും ലഭ്യമാക്കാൻ സുശക്തി മിഷൻ ഇടപെടും. 10 മുതൽ 20 വരെ വ്യക്തികൾ ഉൾപ്പെടുന്ന കൂട്ടായ്മകളായാണ് ഓരോ യൂണിറ്റും രൂപീകരിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സംരംഭകർക്ക് ആവശ്യമായ വായ്പാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
സംസ്ഥാനത്ത് നിലവിൽ ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ നിരവധി ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവയെ കൂടുതൽ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
