തേനെടുക്കാൻ പോയി വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.45 മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് ആർഎഫ് ടീമും സ്കൂബ ടീമും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നാൽപത്തഞ്ചോളം മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണു അപകടമുണ്ടായത്. കാട്ടുതേൻ ശേഖരിക്കാനാണ് 9 പേരുടെ സംഘം അട്ടപ്പാടിയിൽനിന്നു ഞായറാഴ്ച പ്രദേശത്തെത്തിയത്. മലയോരത്ത് ഇതിനായി ക്യാംപ് ചെയ്യുകയായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗമാണ് ഇവിടം. വനത്തിനു സമീപം വെള്ളച്ചാട്ടത്തിനു താഴെ പാറയിടുക്കിൽ താമസിച്ചു തേനെടുക്കാനുള്ള ശ്രമത്തിലായിരുന്നു. സ്വകാര്യ തോട്ടത്തിൽനിന്നു തേൻ ശേഖരിക്കുകയും ചെയ്‌തിരുന്നു. രാത്രിയോടെ മണികണ്ഠൻ വെള്ളത്തിലിറങ്ങാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് ഒപ്പമുള്ളവർ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.വിവരമറിയിച്ചതിനെത്തുടർന്നു മണ്ണാർക്കാട് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അവർക്കും കണ്ടെത്താനായില്ല. തുടർന്ന് പാലക്കാട്ടുനിന്നു സ്‌കൂബാ സംഘം എത്തി തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ തിരച്ചിൽനിർത്തിയ സംഘം ഇന്നു രാവിലെ വീണ്ടും തിരയാനിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *