കണ്ണൂർ: കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അനുകൂല തരംഗം ഇത്തവണയും ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരാവൂർ നിയോജകമണ്ഡലത്തിലെ നാലാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു സണ്ണി ജോസഫിന്റെ ഈ പ്രതികരണം. തന്റെ വിജയസാധ്യതയെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പേരാവൂരിൽ മൂന്ന് തവണ താൻ വിജയിച്ചതാണെന്നും നാലാം തവണയും വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സർവ്വേകളിൽ താൻ പരാജയപ്പെടുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ സർവ്വേയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നികേഷ് കുമാറിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന നികേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കാടടച്ചു വെടിവെയ്ക്കുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

പാലക്കാട് വോട്ടിനായി പണം വിതരണം ചെയ്ത സംഭവത്തെയും അദ്ദേഹം വിമർശിച്ചു. പണാധിപത്യം ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ജനങ്ങൾ ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് മറുപടി നൽകുമെന്നും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *