ക്വലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. പുത്രജയയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും മാനവ നന്മക്കായി ഇരുവരുടെയും കീഴില്‍ നടക്കുന്ന പദ്ധതികളും സംസാരവിഷയമായി. സെലാന്‍ഗോറിലെ പെറ്റാലിങ് ജയയില്‍ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ഗ്രാന്‍ഡ് മുഫ്തി മലേഷ്യയിലെത്തിയത്. സമ്മളനത്തിനിടെ ഗ്രാന്‍ഡ് മുഫ്തി പങ്കുവെച്ച നിര്‍ദേശങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മലേഷ്യന്‍ ജനതയോട് പുലര്‍ത്തുന്ന സ്നേഹത്തില്‍ നന്ദി അറിയിച്ചു. മലേഷ്യന്‍ ജനതയുടെ മതപരവും വൈജ്ഞാനികവുമായ അഭിവൃദ്ധി ലക്ഷ്യം വെച്ച് വരും വര്‍ഷങ്ങളില്‍ സ്വഹീഹുല്‍ ബുഖാരി സംഗമങ്ങള്‍ നടത്തുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലയിലെ മര്‍കസിന്റെ ഭാവി പദ്ധതികള്‍ പ്രധാനമന്ത്രി അന്വേഷിക്കുകയും ആശംസകള്‍ നേരുകയുമുണ്ടായി.
കഴിഞ്ഞ ജൂലൈയില്‍ മുസ്ലിം പണ്ഡിതര്‍ക്കുള്ള മലേഷ്യന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഗ്രാന്‍ഡ് മുഫ്തി രാജ്യത്തെത്തുന്നത്. കഴിഞ്ഞ സന്ദര്‍ശനത്തിനിടെ വിവിധ സര്‍വകലാശാലകളുമായും സന്നദ്ധ സംഘടനകളുമായും ഇടപെടലുകള്‍ നടത്തുകയും മതപണ്ഡിതര്‍ക്കും പൊതുജനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വിജ്ഞാന സദസ്സുകള്‍ നടത്തുകയും ചെയ്തതിനാല്‍ തന്നെ ഗ്രാന്‍ഡ് മുഫ്തിയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് മലേഷ്യന്‍ ജനതയും പ്രവാസികളും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കപ്പെടുന്ന വിസാ സങ്കീര്‍ണതകളും 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വര്‍ക്കിംഗ് പെര്‍മിറ്റ് ലഭിക്കാത്ത സാഹചര്യവും അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കൂടിക്കാഴ്ചക്കിടെ ഗ്രാന്‍ഡ് മുഫ്തി ആവശ്യപ്പെട്ടു. ചതുര്‍ദിന സന്ദര്‍ശനത്തിനിടെ മലേഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡോ. അഹ്മദ് സാഹിദ് ബിന്‍ ഹാമിദി, മുഫ്തി ഡോ. ലുഖ്മാന് ബിന്‍ ഹാജി അബ്ദുല്ല, വിവിധ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികള്‍, പൗരപ്രമുഖര്‍ എന്നിവരുമായും ഗ്രാന്‍ഡ് മുഫ്തി കൂടിക്കാഴ്ചനടത്തി. മര്‍കസ് പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, എസ്. എസ്. എഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, മലേഷ്യന്‍ സര്‍ക്കാരിന് കീഴിലുള്ള യാദിം ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ബശീര്‍ മുഹമ്മദ് അസ്ഹരി കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.