ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായുള്ള തങ്ങളുടെ മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചെന്ന് ഖത്തര്‍. ദോഹയിലേക്കുള്ള ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സമാധാന ചര്‍ച്ചയ്‌ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യംവച്ചാണ് ഇസ്രയേല്‍ ആക്രമണം നടന്നതെന്നാണ് ഹമാസ് ആരോപിക്കുന്നത്. അതിനിടെ ഖത്തറിലേക്കുള്ള ആക്രമണത്തിനായി ഇസ്രയേലിന് ട്രംപില്‍ നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലൊണ് മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചെന്ന് ഖത്തര്‍ അറിയിച്ചിരിക്കുന്നത്.

വെടിനിര്‍ത്തല്‍ പ്രമേയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇസ്രയേലിന് ട്രംപ് തന്നെ ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നാണ് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്സ വെടിനിര്‍ത്തലിനായി ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ട്രംപ് വെടിനിര്‍ത്തല്‍ പ്രമേയം മുന്നോട്ടുവയ്ക്കുകയും ചെയ്തതിനിടെ നടന്ന ഈ ആക്രമണം എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം.

Leave a Reply

Your email address will not be published. Required fields are marked *