നടന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബൈജു ആപ്പ്. ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട്​ ആര്യൻ ഖാൻ അറസ്റ്റിലായതിന്​ പിന്നാലെയാണ്
തീരുമാനം. ഷാരൂഖ് മുഖം കാണിക്കുന്ന ബൈജൂസിന്റെ പരസ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനമെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ബൈജൂസ്​ ആപിന്‍റെ കേരളത്തിന്​ പുറത്തുള്ള ബ്രാൻഡ്​ അംബാസിഡറാണ്​ ഷാരൂഖ്​ ഖാൻ. ഷാരൂഖിന്‍റെ വൻ സ്​പോൺസർഷിപ്പ്​ ഡീലുകളിലൊന്നാണ്​ ബൈജൂസ്​ ആപ്പുമായുള്ളത്​. കൂടാതെ ഹ്യൂണ്ടായ്​, എൽ.ജി, ദുബൈ ടൂറിസം, ഐ.സി.ഐ.സി.ഐ, റിലയൻസ്​ ജിയോ എന്നിവയെയും ഷാരൂഖ്​ ഖാൻ പ്രതിനിധീകരിക്കുന്നു.

2017 മുതല്‍ ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. 4 കോടിയോളം രൂപയാണ് ബൈജൂസ് ഷാരൂഖിന് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. അതേസമയം നേരത്തെ ബുക്ക് ചെയ്ത പരസ്യങ്ങളാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യപ്പെടുന്നത്. ഇവയെല്ലാം പെട്ടന്ന് നിര്‍ത്താന്‍ സമയമെടുക്കും. എന്നാലും തീരുമാനവുമായി മുന്നോട്ട് പോവാനാണ് ബൈജൂസിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാരൂഖ് ബ്രാന്‍ഡ് അംബാസിഡറായി വന്നതോടെ വമ്പന്‍ സ്വീകാര്യതയാണ് ബൈജൂസ് ആപ്പിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ നടനെ ഒഴിവാക്കാനുള്ള സാധ്യതയും കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *