ഭോപ്പാലിലെ കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ജനറൽ വാർഡിലും എൻഐസിയു വാർഡിലും തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. വാർഡിലെ ആകെയുണ്ടായിരുന്ന 40 കുട്ടികളിൽ 36 പേരെയും രക്ഷപ്പെടുത്തി. സാരമായി പരുക്കേറ്റ നാലുപേർ മരിച്ചതായും അവർ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് സ്ഥലത്തെത്തുമ്പോഴേക്കും വെളിച്ചം ഇല്ലായിരുന്നെന്നും, വാർഡിൽ പുക നിറഞ്ഞത് കാഴ്ച ദുഷ്‌കരമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞങ്ങളുടെ മുൻഗണന കുട്ടികളെ രക്ഷിക്കുക എന്നതായിരുന്ന, ഞങ്ങൾ അവരെ ഞങ്ങളുടെ സ്വന്തം കൈകൊണ്ട് അടുത്തുള്ള വാർഡിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാരക്കുറവുള്ള കുഞ്ഞുങ്ങളായിരുന്നു അവരിൽ പലരും, ”ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം സാരംഗ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുട്ടികളെ നോക്കാൻ ഡോക്ടർമാരുടെ അധിക സംഘം എത്തിയിട്ടുണ്ട്. ഒരു കുട്ടിക്ക് രണ്ട് ഡോക്ടർമാർ വീതം അവരുടെ ആരോഗ്യനില തൃപ്‌തികരണമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് സാരംഗ് കൂട്ടിച്ചേർത്തു.
അപകടത്തില്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.