
വയനാട് മേപ്പാടിയിൽ സിപിഐഎം പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് റോഡ് ഉപരോധിച്ചു. മേപ്പാടി ടൗണിൽ ഗതാഗതം സ്തംഭിച്ചു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമുന്നണികളും ഭക്ഷ്യകിറ്റ് വിവാദം രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. കിറ്റ് നൽകിയത് റവന്യൂ വകുപ്പെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.എന്നാൽ പഞ്ചായത്ത് നൽകിയ കിറ്റാണെന്നാണ് എൽഡിഎഫ് ഉയർത്തുന്ന വാദം. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൂരൽ മല- മുണ്ടക്കൈ ദുരന്ത ബാധിതരായ 7 ഉം 10 ഉം വയസ്സുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദുരിതബാധിതർക്കായി നൽകിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീൻ കഴിച്ചിട്ടാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത് എന്നാണ് ആരോപണം. നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
