ഗുരുഗ്രാം: മഹീന്ദ്ര ഥാർ എസ്.യു.വി, റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിൾ എന്നിവ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് നടത്തിയ അസാധാരണ പരാമർശത്തോടെ ഹരിയാന ഡിജിപി ഒ പി സിംഗ് വിവാദത്തിൽ. വാഹന തിരഞ്ഞെടുപ്പ് ഒരാളുടെ ‘ക്രിമിനൽ മനോഭാവത്തെ’ പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
ഗുരുഗ്രാമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, വാഹന പരിശോധനയിൽ പോലീസ് പാലിക്കുന്ന നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഡിജിപി ഈ പ്രസ്താവന നടത്തിയത്. “ഥാർ ആണെങ്കിൽ, നമുക്ക് എങ്ങനെ അത് അവഗണിക്കാൻ കഴിയും? അല്ലെങ്കിൽ ബുള്ളറ്റ് മോട്ടോർസൈക്കിളാണെങ്കിൽ, എല്ലാ ക്രിമിനല്‍ സ്വഭാവമുള്ളവരും ഇവ രണ്ടും ഉപയോഗിക്കുന്നു,” ഡിജിപി പറഞ്ഞു.
വാഹനം തിരഞ്ഞെടുക്കുന്നത് ഒരാളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ പോലീസുകാരുടെ പട്ടിക എടുത്താൽ, എത്രപേർക്ക് ഥാർ ഉണ്ടാകും? ആ വണ്ടി ആർക്കൊക്കെയുണ്ടോ, അവർക്കൊക്കെ ഭ്രാന്തായിരിക്കും.” ഥാർ ഓടിക്കുന്ന ആളുകൾ റോഡിൽ സ്റ്റണ്ട് ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഒരു എസിപിയുടെ മകൻ ഥാർ ഓടിക്കുന്നതിനിടെ അപകടം ഉണ്ടാക്കിയ സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ഡിജിപി, “അവന്റെ മകനെ മോചിപ്പിക്കാൻ അച്ഛൻ ആഗ്രഹിച്ചു. കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾ ചോദിച്ചു. അത് അദ്ദേഹത്തിന്റെ പേരിലാണ്. ഒരു ബുള്ളറ്റ് മോട്ടോർസൈക്കിളിലും എല്ലാ കുപ്രസിദ്ധ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊങ്ങച്ചം കാണിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഡിജിപി നൽകി.
