ഒരിക്കൽ കോവിഡ് വന്നു പോയവരിൽ ഒമിക്രോൺ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു എന്നാൽ ഇത് നേരിയ ലക്ഷണങ്ങളോട് കൂടി വന്ന് പോകുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് കൊവിഡ് വന്ന് പോയവരിൽ ഒമിക്രോൺ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് അദ്ദേഹം പറഞ്ഞു. ഡെൽറ്റയേക്കാൾ നേരിയ രോഗത്തിന് ഒമിക്രോൺ കാരണമാകുന്നു എന്നതിന് തെളിവുകളുണ്ടെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.തലവേദന, ശരീരവേദന, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങൾ മാത്രമാണ് മിക്ക രോഗികളിലും പ്രകടമായതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ അതിവേഗം പടരുന്നുണ്ടോ എന്നറിയാൻ കൂടുതൽ നിരീക്ഷണം ആവശ്യമാണ്.
എന്നാൽ ഉറച്ച നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പ് കൂടുതൽ ഡാറ്റ ആവശ്യമാണ്.
ഇത് അതിർത്തി നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ രാജ്യങ്ങളെ നിർബന്ധിക്കുകയും ലോക്ക്ഡൗണുകളിലേക്ക് മടങ്ങാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നതായി ടെഡ്രോസ് അദാനോം പറഞ്ഞു. ഒമിക്രോൺ ഗുരുതരമായ രോഗത്തിന് കാരണമാകില്ലെങ്കിലും, വൈറസിനെതിരായ ജാഗ്രത കുറയ്‌ക്കുന്നതിനെതിരെ ടെഡ്രോസ് മുന്നറിയിപ്പ് നൽകി.
പുതിയ വേരിയന്റ് മുമ്പത്തെ വേരിയന്റുകളേക്കാൾ അപകടകരമല്ലെങ്കിലും, അത് കൂടുതൽ വേഗത്തിൽ പകരുകയാണെങ്കിൽ, അത് കൂടുതൽ ആളുകളെ രോഗബാധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകൾ ഒമിക്രോണിന്റെ വ്യാപനം തടയാൻ ഫലപ്രദമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥൻ മെെക്കൽ റയാൻ വ്യക്തമാക്കി. മുൻ കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കൂടിയതാണ് ഒമിക്രോൺ വകഭേദം എന്നത് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.