പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമരജീവി പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
സമരജീവി ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നെന്നും ചിദംബരം പറഞ്ഞു.
കര്‍ഷക പ്രതിഷേധത്തെ ആക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രി കര്‍ഷകരെ സമരജീവികള്‍ എന്നു വിളിച്ചത്.കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. സമര ജീവികളാണ് പ്രക്ഷോഭത്തിന് കാരണമെന്നും എന്നും മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
കര്‍ഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് ‘ആന്ദോളന് ജീവി’ എന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്- “പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന് ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭത്തില്‍ അവരെ കാണാം, വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ മുന്നിലാണ്. അവര്‍ക്ക് പ്രക്ഷോഭമില്ലാതെ ജീവിക്കാനാവില്ല. ഇത്തരക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം. അവര്‍ പരാന്ന ഭോജികളാണ്”.