സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷാ ഹാളിന് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ കാത്തിരുന്നത് അവിശ്വസനീയമായ ഒരു സംഗീത കാഴ്ചയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യപേപ്പറിന്റെ ആധികാരികതയും സുരക്ഷയും ഉറപ്പുവരുത്താൻ നൽകിയിട്ടുള്ള ഔദ്യോഗിക ക്യു.ആർ. കോഡ് സ്കാൻ ചെയ്തപ്പോൾ ലഭിച്ചത് പരീക്ഷാ വിവരങ്ങളല്ല, മറിച്ച് ലോകപ്രശസ്തമായ ഒരു ഇംഗ്ലീഷ് മ്യൂസിക് വീഡിയോയുടെ ലിങ്കാണ്.
മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയിൽ അധികൃതർക്ക് സംഭവിച്ച ഗുരുതരമായ ഈ വീഴ്ചയുടെ വിവരം പുറത്തുവന്നത് വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ വിദ്യാർത്ഥികൾ പുറത്തു വിട്ടതോടെയാണ് . ചോദ്യപേപ്പറിലെ ഡിജിറ്റൽ കോഡ് സ്കാൻ ചെയ്തപ്പോൾ, അത് കൊണ്ടുചെന്നെത്തിച്ചത് 80-കളിലെ പോപ്പ് താരം റിക് ആസ്റ്റ്ലിയുടെ ‘Never Gonna Give You Up’ എന്ന വിഖ്യാത ഗാനത്തിലേക്കായിരുന്നു.
ഇന്റർനെറ്റിൽ ആളുകളെ കബളിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ‘റിക് റോളിങ്’ (Rickrolling) എന്ന ലിങ്കാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരീക്ഷാ ബോർഡിന്റെ ചോദ്യപേപ്പറിലും കടന്നുകൂടിയത്. കണക്ക് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ ഈ ‘സംഗീത വിരുന്ന്’ കണ്ട് അക്ഷരാർത്ഥത്തിൽ അന്തംവിട്ടുപോയി.
ദേശീയതലത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന ഒരു പരീക്ഷാ പേപ്പറിൽ ഇത്തരമൊരു അപ്രസക്തമായ ലിങ്ക് എങ്ങനെ വന്നു എന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ചോദ്യപേപ്പർ ഡിസൈൻ ചെയ്ത ഘട്ടത്തിൽ ലിങ്കുകൾ പരിശോധിക്കുന്നതിൽ വന്ന അശ്രദ്ധയാണോ അതോ ഔദ്യോഗിക സെർവറുകളിൽ ആരെങ്കിലും നുഴഞ്ഞുകയറി മനഃപൂർവം ചെയ്ത പണിയാണോ ഇതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരീക്ഷ കഴിഞ്ഞയുടൻ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചതോടെ സംഭവം നിമിഷനേരം കൊണ്ട് വൈറലായി.
