മോഷ്ടിച്ച വാഹനവുമായി കറങ്ങിനടന്ന് വയോധികരെ ലക്ഷ്യം വെച്ച് കവർച്ച നടത്തുന്ന വിരുതൻ പിടിയിൽ. അരീക്കാട് ഉള്ളിശ്ശേരികുന്ന് സ്വദേശി നിവാസ് അലി(36)യെയാണ് ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് ഐപിഎസ്ൻറെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് എസിപി കെ എം ബിജു വിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്.
ജനുവരി ഇരുപത്തി രണ്ടാംതിയ്യതിയാണ് കേസിനാസ്പദമായ സംഭവം.രാവിലെ എട്ടുമണിയോടെ കോംട്രസ്റ്റ് ഹോസ്പിറ്റലിൽനിന്നും ജോലി കഴിഞ്ഞ് വരികയായിരുന്ന ബിന്ദു എന്ന സ്ത്രീയുടെ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ വന്ന പ്രതി പറിച്ചെടുത്ത് രക്ഷപെടുകയായിരുന്നു.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് അൻപതോളം സിസിടിവി കൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം അശ്വിനി ലാബിൻ്റെ പാർക്കിങ്ങിൽ നിന്നും മോഷണം പോയതാണെന്ന് മനസ്സിലായി. അതോടെ ഈ രീതിയിൽ കവർച്ച നടത്തുന്ന ജയിൽ മോചിതരായ നിരവധി മുൻ കുറ്റവാളികളെ വെരിഫൈ ചെയ്ത് നിരീക്ഷിച്ച സിറ്റി ക്രൈം സ്‌ക്വാഡ് പ്രതിയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച രാവിലെ ചർച്ചിലേക്ക് പ്രാർത്ഥനക്കായി പോവുകയായിരുന്ന എഴുപത്തി അഞ്ച് വയസ്സുള്ള പന്നിയങ്കര സ്വദേശിനിയായ സ്ത്രീയുടെ മാലപൊട്ടിച്ചതും പുതിയറയിൽ കവർച്ച നടത്തിയതും ഒരാളാണെന്ന നിഗമനത്തിൽ നടത്തിയ ചടുലനീക്കത്തിലൂടെയാണ് പ്രതി ക്രൈം സ്ക്വാഡിൻ്റെ വലയിലാകുന്നത്.
പിടി കൂടുമ്പോൾ കുറ്റകൃത്യം നിഷേധിച്ച പ്രതിയെ ശാസ്ത്രീയതെളിവുകൾ നിരത്തി നടത്തിയ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.ഇയാളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും,പുതിയ മോഡൽ ഐഫോണും കണ്ടെടുത്തിട്ടുണ്ട്.
മാരക ലഹരി മരുന്നിന് അടിമയായ ഇയാൾ ലഹരിമരുന്നുകൾ വാങ്ങുന്നതിനും ആർഭാട ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് കവർച്ച ചെയ്യുന്നതെന്ന് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം പന്നിയങ്കര, കസബ എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നും വയോധികരുടെ മാല കവർന്നതിന് രണ്ട് സ്റ്റേഷനുകളിലും കേസുകളുണ്ട് . അന്ന് ചാലപ്പുറത്തു നിന്നായിരുന്നു സ്കൂട്ടർ മോഷ്ടിച്ചത്.ഈ കേസുകളിൽ ഇപ്പോൾ ജാമ്യത്തിലാണ്.കൂടാതെ നല്ലളം സ്റ്റേഷൻ പരിധിയിൽ ബാത്ത് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കാൻ ശ്രമിച്ചതിനും കേസുണ്ട്.
വിശദമായി ചോദ്യം ചെയ്തതിൽ പ്രതി സ്വർണ്ണം വിറ്റ സ്ഥലവും മറ്റും പോലീസിനോട് പറഞ്ഞിട്ടുണ്ട്. അറിഞ്ഞുകൊണ്ടാണോ സ്വർണ്ണം പ്രതിയിൽ നിന്നും വാങ്ങിയതെന്ന് പോലീസ്പരിശോധിച്ച് വരികയാണ്.പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. കൃത്യത്തിനുപയോഗിച്ച വാഹനവും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വിപിൻ യു വി, സബ്ബ് ഇൻസ്പക്ടർ സുലൈമാൻ,ASI ഷാജു,ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്‌ദുഹ്മാൻ,ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്,ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ,ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ദീപക് O,സൈബർ വിദഗ്ദ ദിവ്യ പിപി എന്നിവരാണുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *