കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്ന് വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധിക്കാരം പിടിച്ച സര്‍ക്കാര്‍ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നാണ് രാഹുലിന്റെ വിമര്‍ശനം.

കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്നും കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും കുടിയേറ്റം നടത്താന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, അവരുടെ കൈകളിലേക്ക് പണം നല്‍കേണ്ടത് പ്രധാനമാണ് – സാധാരണക്കാരുടെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും അതാവശ്യമാണ്. എന്നാല്‍ അഹങ്കാരികളായ ഈ സര്‍ക്കാരിന് നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അലര്‍ജിയുണ്ട്, ”അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. കോവിഡ് തെറ്റായ രീതിയില്‍ കൈകാര്യം ചെയ്ത മോദി സര്‍ക്കാരിന്റെ നടപടികള്‍ കാരണമാണ് രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിട്ടതെന്നും സോണിയ കുറ്റപ്പെടുത്തി. പരിശോധന, കൃത്യമായ ട്രാക്കിങ്, വാക്‌സിനേഷന്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകളുടേയും മരണങ്ങളുടേയും കൃത്യമായ കണക്കുകള്‍ തന്നെ പുറത്തുവിടണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *