കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അഞ്ച് ജില്ലകൾ പൂർണ്ണമായും തൂത്തുവാരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലെ 43 സീറ്റുകളും യുഡിഎഫ് നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ചിട്ടയായ പ്രവർത്തനവും പോളിങ് ശതമാനത്തിലെ വർധനവും മുന്നണിക്ക് വലിയ അനുകൂലഘടകമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ 35 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ താൻ കണ്ട ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് ഇത്തവണ നടന്നതെന്ന് സതീശൻ അവകാശപ്പെട്ടു. സാധാരണ കേഡർ പാർട്ടികളെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള സംഘടനാമികവാണ് ഇത്തവണ യുഡിഎഫ് പ്രവർത്തകർ പുറത്തെടുത്തത്. പോളിങ് ശതമാനം ഉയർന്നതിൽ യുഡിഎഫിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ കൂടുതൽ സൗകര്യമുണ്ടായിരുന്നെങ്കിൽ പോളിങ് ശതമാനം ഇതിലും വർധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണെന്നും സർക്കാരിനോടുള്ള ജനങ്ങളുടെ അമർഷം വോട്ടെടുപ്പിൽ പ്രതിഫലിച്ചതായും വി ഡി സതീശൻ പറഞ്ഞു. 2005 മുതൽ യുഡിഎഫിനെ വിട്ടുനിന്ന പല വിഭാഗങ്ങളും ഇത്തവണ തിരിച്ചെത്തിയിട്ടുണ്ട്. വികസനത്തിന് ബദൽ യുഡിഎഫാണെന്ന ചിന്ത ചെറുപ്പക്കാർക്കിടയിൽ സജീവമാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സിപഐഎമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ചരിത്രത്തിലാദ്യമായി മന്ത്രിമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ മാത്രം ഒതുങ്ങേണ്ടി വന്ന സാഹചര്യം ഉണ്ടായതായും അദ്ദേഹം പരിഹസിച്ചു.
സിപിഐഎമ്മിനുള്ളിൽ വലിയ ആഭ്യന്തര കലാപങ്ങളാണ് നടക്കുന്നതെന്നും ഇതിന്റെ ശബ്ദരേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എൽഡിഎഫ് ഉന്നയിക്കുന്ന വനിതാ മുഖ്യമന്ത്രി, യുവ മുഖ്യമന്ത്രി ചർച്ചകൾ വരാനിരിക്കുന്ന പരാജയം മുൻകൂട്ടി കണ്ടുകൊണ്ടുള്ള തന്ത്രങ്ങൾ മാത്രമാണ്. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ അവർ പറയുന്നതെന്നും, ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തുകഴിഞ്ഞുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.
