കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടെടുപ്പിൽ ജനങ്ങൾ സ്വീകരിച്ചതെന്നും സംസ്ഥാനത്ത് എവിടെയും ഭരണവിരുദ്ധ വികാരം ദൃശ്യമായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് സർക്കാർ നടത്തിയത്. പേരാമ്പ്ര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കണ്ട വികസന യാഥാർത്ഥ്യങ്ങൾ ജനങ്ങൾ വോട്ടായി മാറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സോഷ്യൽ മീഡിയ വഴി സ്ഥാനാർത്ഥികളെ വ്യക്തിഹത്യ ചെയ്യാൻ ആസൂത്രിതമായ ശ്രമം നടന്നതായി അദ്ദേഹം ആരോപിച്ചു. തന്നെപ്പോലും തീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമമുണ്ടായി. എന്നാൽ തന്റെ ഭാഗത്തുനിന്ന് യാതൊരു തെറ്റായ നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐയുമായി ഇടതുമുന്നണി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി എന്ന പ്രചാരണം അദ്ദേഹം തള്ളി. അത്തരം ഒരു സഖ്യവും നിലവിലില്ല. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്ന അവകാശവാദം വെറുതെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ടായതായി നിരീക്ഷിച്ച അദ്ദേഹം, ഇത് ആർക്ക് ഗുണം ചെയ്യുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യക്തമാക്കി. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമോ പ്രതികൂലമോ ആകുമെന്നത് പഴയകാല വിലയിരുത്തലാണെന്നും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനിടയിലുണ്ടായ വിവാദങ്ങൾ ഇടതുപക്ഷത്തെ ബാധിക്കില്ല. മറ്റന്നാൾ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തെരഞ്ഞെടുപ്പ് ഫലങ്ങളും പോളിങ് രീതികളും വിശദമായി ചർച്ച ചെയ്യുമെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *