തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലമായ നേമത്ത് എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഭരണവിരുദ്ധ വികാരം മണ്ഡലത്തിലില്ലെന്നും വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫിനും ബിജെപിക്കും ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് സംവാദത്തിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയില്ല. സംവാദത്തിന്റെ ചെലവ് വഹിക്കാമെന്നും മൂന്ന് തവണ സമയം നിശ്ചയിച്ചിട്ടും ബിജെപി ഒളിച്ചോടിയെന്നും ശിവൻകുട്ടി പറഞ്ഞു. ബിജെപി പണവും മദ്യവും ഒഴുക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗൂഗിൾ പേ വഴി ഒരു വോട്ടിന് 15,000 രൂപ വരെ നൽകിയതായും ചില സംഘടനകളെ ബിജെപി വിലയ്ക്കെടുത്തതായും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത റോഡ് ഷോയിൽ നേമം മണ്ഡലത്തിൽ നിന്നുള്ളവർ കുറവായിരുന്നുവെന്നും പുറത്തുനിന്ന് ആളുകളെ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞു. അതിനാൽ മതേതര വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജേഷിന്റെ സംവാദ വെല്ലുവിളിയെയും അദ്ദേഹം തള്ളി. താൻ 40 വർഷം മുൻപ് മേയറായ ആളാണെന്നും പ്രത്യേക സാഹചര്യത്തിൽ അധികാരത്തിൽ വന്ന വി.വി. രാജേഷ് തന്നെ വെല്ലുവിളിക്കുന്നത് ശരിയല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. നേമത്ത് നടന്നത് ശക്തമായ മത്സരമാണെന്നും, വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെങ്കിലും തുല്യമായ പോരാട്ടത്തിനൊടുവിൽ ഇടതുമുന്നണി തന്നെ ജയിക്കുമെന്നും വി. ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു
