ഉത്തർപ്രദേശിലെ വൃന്ദാവനിൽ യമുനാ നദിയിൽ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പത്ത് പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. വൃന്ദാവൻ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ശൃംഗർ ഘട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഏകദേശം 30ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.

അപകടം നടന്ന ഉടനെ പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 22 പേരെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റൂറൽ എസ്പി സുരേഷ് ചന്ദ്ര റാവത്ത് അറിയിച്ചു. എട്ട് പോലീസ് റെസ്‌പോൺസ് വെഹിക്കിളുകളും ആംബുലൻസുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

നദിയിലെ കേശി ഘട്ടിന് സമീപമുള്ള പോണ്ടൂൺ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കിടയിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. “മഥുരയിലെ യമുനയിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് പത്ത് പേർ മരിച്ചതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും” മഥുര ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *