ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്റെ കരട് പ്രകാരം സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് നിയന്ത്രണം വരും. അതേ സമയം രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആനുകൂല്യങ്ങളും നിയമം ഉറപ്പ് നല്‍കുന്നു.

ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രകാരം, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം കുറയും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് യൂണിറ്റ് മാത്രമേ അനുവദിക്കൂ. രണ്ടില്‍ ഏറെ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനോ സാധിക്കില്ല.

അതേ സമയം രണ്ട് കുട്ടികള്‍ മാത്രം ഉള്ളവര്‍ ഇന്‍സെന്റീവുകള്‍ക്ക് അര്‍ഹരാകും. ഇത്തരക്കാര്‍ക്ക് അവരുടെ സര്‍വീസിനിടെ രണ്ട് അധിക ശമ്പള വര്‍ദ്ധനവിന് അര്‍ഹതയുണ്ടാകും. വീട് വാങ്ങുന്നതിന് ഇത്തരക്കാര്‍ സബ്‌സിഡി ലഭിക്കും. ഇപിഎഫ് പെന്‍ഷന്‍ സ്‌കീമില്‍ ഇത്തരക്കാര്‍ക്ക് യൂട്ടിലിറ്റി ചാര്‍ജില്‍ 3 ശതമാനം റിബേറ്റ് ലഭിക്കും. എന്നാല്‍ ഒരു കുട്ടി മാത്രം ഉള്ളവരാണെങ്കില്‍ ആനുകൂല്യങ്ങള്‍ വീണ്ടും വര്‍ദ്ധിക്കും. ഇത്തരക്കാര്‍ക്ക് നാല് അധിക ശമ്പള വര്‍ദ്ധനവ് സര്‍വീസ് കാലത്ത് ലഭിക്കും. സൌജന്യ ആരോഗ്യ പരിരക്ഷ 20വയസുവരെ കുട്ടിക്ക് ലഭിക്കും. സ്‌കൂള്‍ അഡ്മിഷന് കുട്ടിക്ക് മുന്‍തൂക്കം ലഭിക്കും. ബിരുദ തലം വരെ കുട്ടിയുടെ പഠന ചിലവ് സൌജന്യമായിരിക്കും.

സംസ്ഥാന നിയമ കമ്മീഷന്റെ വെബ് സൈറ്റില്‍ ഇപ്പോള്‍ നിയമത്തിന്റെ കരട് ലഭ്യമാക്കിയിട്ടുണ്ട്. പൊതുജന അഭിപ്രായത്തിനായി ജൂലൈ 19,2021 വരെ ഇത് ലഭ്യമാകും. അതേ സമയം മതപരമായ കാരണങ്ങളാലും, വ്യക്തിനിയമത്തിന്റെ ആനുകൂല്യത്തിലും ഒന്നിലധികം വിവാഹത്തിന് അനുവാദം ഉള്ളവര്‍ ഉണ്ടാകും. അവര്‍ ഒന്നിലേറെ വിവാഹബന്ധത്തില്‍ ഉണ്ടാകും. ഇങ്ങനെ രണ്ട് ബന്ധത്തില്‍ ഉണ്ടെങ്കിലും ഭാര്യയായലും ഭര്‍ത്താവ് ആയാലും ഈ നിയമപ്രകാരം ഒരു വ്യക്തിയായാണ് നിയമം പരിഗണിക്കുക എന്ന് കരട് പറയുന്നു.

അതേസമയം ആനുകൂല്യങ്ങള്‍ കൈപറ്റിയ ശേഷം നിയമം തെറ്റിച്ച് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ അയാളില്‍ നിന്നും കൈപറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നിയമത്തില്‍ പറയുന്നുണ്ട്. നിയമത്തിന്റെ കരടില്‍ വരുന്ന നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഓഗസ്റ്റോടെ നിയമം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ അദ്ധ്യക്ഷന്‍ എഎന്‍ മിത്തല്‍ അറിയിക്കുന്നത്. 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ നിയമം നിലവില്‍ കൊണ്ടുവരാനാണ് യോഗി സര്‍ക്കാറിന്റെ ശ്രമം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *