ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്നും, 2020 സെപ്റ്റംബര്‍ 16ന് ശേഷം പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി. നിയമസഭ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ.

അധികാരത്തിലെത്തുമ്പോൾ ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സര്‍ക്കാരുകൾക്ക് വീണ്ടും മുന്നറിയിപ്പ്നൽകുന്നതാണ് സുപ്രീംകോടതി വിധി .

മുസഫര്‍നഗര്‍ കലാപത്തിൽ പ്രതിപട്ടികയിലുള്ള എംഎൽഎമാരുടെ അടക്കം കേസുകൾ യുപി സര്‍ക്കാര്‍ പിൻവലിക്കുകയാണെന്ന് കോടതി നിയോഗിച്ച അമിക്കസ്ക്യൂറി വിജയ ഹൻസാരിയ അറിയിച്ചു. ഗുജറാത്തിലും കര്‍ണാടകത്തിലും ഇത് പോലെ കൂട്ടത്തോടെ കേസുകൾ പിൻവലിക്കുകയാണ്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകൾ പിൻവലിക്കാൻ അനുവദിക്കരുതെന്നും അമിക്കസ്ക്യൂറി ശുപാര്‍ശ ചെയ്തു. ഇത് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.

കേസുകൾ പിൻവലിക്കാനുള്ള നിയമത്തിന്‍റെ ദുരുപയോഗം അംഗീകരിക്കില്ലെന്നുംപിൻവലിക്കാൻ അനുമതി നൽകുന്നതിന് മുമ്പ് കേസുകളുടെ സ്വഭാവം കൃത്യമായി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. പൊതുതാല്പര്യം കണക്കിലെടുത്ത് മാത്രമായിരിക്കണം തീരുമാനം. ജന പ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ പട്ടികയും കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാരുടെ പേരും അറിയിക്കാൻ സുപ്രീംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സിബിഐ കോടതികൾ, പ്രത്യേക കോടതികൾ എന്നിവിടങ്ങളിലെ ജഡ്ജിമാരെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *