പ്രളയ രക്ഷാപ്രവർത്തന രംഗത്ത് 3–ാം ദിവസവും സജീവമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും സംഘവും. രക്ഷാപ്രവര്‍ത്തനത്തിന് മൂന്നാം ദിവസവും മുഖ്യമന്ത്രിയും സംഘവും സജീവമായി രംഗത്തുണ്ട്.മെഡിക്കൽ ക്യാംപുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും ക്യാംപുകളും സന്ദർശിച്ച അദ്ദേഹം അവശ്യവസ്തുക്കളും വിതരണം ചെയ്തു.വില്ലിവാക്കം, മധുരവയൽ, വിരുഗമ്പാക്കം നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശികുകയും തുടർന്ന് ചെന്നൈ കൊളത്തൂരിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു ഭക്ഷണവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യാനായി തയാറാക്കിയ ഭക്ഷണം സ്വയം കഴിച്ചുനോക്കി നല്ലതാണെന്ന് ഉറപ്പാക്കിയ ശേഷമാണു വിതരണത്തിന് അനുമതി നൽകിയത്.

മഴക്കാലം കഴിയുന്നതുവരെ ദുരിതബാധിതർക്ക് അമ്മ ഉണവകങ്ങളിൽ നിന്ന് സൗജന്യമായി ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് . കോർപറേഷന്റെ നേതൃത്വത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണമെത്തിച്ചു നൽകും.

പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ആഹാരം ലഭ്യമാക്കാനായി അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത ആവിഷ്കരിച്ച പദ്ധതിയായിരുന്നു അമ്മ ഉണവകങ്ങൾ. കഴിഞ്ഞ ദിവസം പ്രളയരക്ഷാപ്രവർത്തനത്തിനെത്തിയ അദ്ദേഹം ഒരു വിവാഹത്തിനും പങ്കെടുത്ത വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കനത്തമഴ പ്രതിസന്ധി തീർത്തപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട ഉപദേശങ്ങൾ നൽകുന്നതിനപ്പുറം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ച സ്റ്റാലിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *