പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്
കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് നവംബർ 15,16 തിയ്യതികളിൽ രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പാടി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (40 വിദ്യാർത്ഥിനികൾ) ഈസ്റ്റ് ഹിൽ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (72 വിദ്യാർത്ഥിനികൾ) 2023-24 അധ്യയന വർഷം സാനിറ്ററി നാപ്കിൻ ബേർണിംഗ് മെഷീൻ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ളതും മുദ്രവെച്ചതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചു.
ക്വട്ടേഷനുകൾ നവംബർ 23ന് വൈകീട് മൂന്ന് മണിക്ക് മുൻപായി ലഭിക്കണം. അന്നേ ദിവസം വൈകീട്ട് 3.30ന് ക്വട്ടേഷൻ തുറക്കും. ഫോൺ : 0495 2376364
തീറ്റപ്പുൽ കൃഷി പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തീറ്റപ്പുൽ കൃഷി പരിശീലനം നവംബർ 18ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിൻറെ കോപ്പി കൊണ്ട് വരേണ്ടതാണ്.
ടെണ്ടർ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിൽ കടൽ രക്ഷാ പ്രവർത്തനവും പട്രോളിംഗും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടു ത്തുന്നതിനുമായി മറൈൻ റെസ്ക്യൂ യൂണിറ്റുകൾ ഉണ്ടാക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. നിബന്ധനകൾക്ക് വിധേയമായി 32 അടി നീളമുള്ള ഫൈബർ ഗ്ലാസ്/എഫ്.ആർ.പി.വള്ളം നിർമ്മിക്കുന്നതിന് രജിസ്ട്രേഷനുള്ള വള്ളം നിർമ്മാണ കേന്ദ്രങ്ങൾക്കും ഫിഷറീസ് വകുപ്പിൽ ബോട്ട് ബിൽഡിംഗ് സൊസൈറ്റികൾക്കും ടെണ്ടർ സമർപ്പിക്കാം.ടെണ്ടർ ഫോറം വില 500 രൂപ. ടെണ്ടറിൽ പങ്കെടുക്കുന്നവർ യൂണിറ്റ് കോസ്റ്റിന്റെ ഒരു ശതമാനം തുക നിരതദ്രവ്യമായി അടക്കേണ്ടതാണ്. പൂരിപ്പിച്ച ടെണ്ടറുകൾ ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടർ,ഫിഷർമെൻ ട്രെയിനിങ് സെന്റർ,വെസ്റ്റ്ഹിൽ,കോഴിക്കോട് എന്ന വിലാസത്തിൽ നവംബർ 20ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി സമർപ്പിക്കണം. അന്നേദിവസം 3 30ന് ടെണ്ടർ തുറക്കും.കൂടുതൽ വിവരങ്ങൾക്ക് 0495-2414074
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.
ട്രേഡ് ഇലക്ട്രീഷ്യൻ ഒഴിവ്
ബാർട്ടൺഹിൽ സർക്കാർ എഞ്ചിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യൻ (ട്രേഡ്സ്മാൻ) ന്റെ ഒഴിവ് ഉണ്ട്. ഇലക്ട്രിക്കൽ ട്രേഡിൽ ഐ.റ്റി.ഐ / തത്തുല്യ യാഗ്യതയുള്ളവർ നവംബർ 14നു രാവിലെ ഒമ്പതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9074866202.
ഹയർസെക്കൻഡറി ഫിസിക്സ് ടീച്ചർ ഒഴിവ്; കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിൽ ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ ഫിസിക്സ് തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഫിസിക്സിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും, SET / NET / M.ED / M.Phil / PHD or Equivalent എന്നിവയുമാണ് യോഗ്യത. ശമ്പളസ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
അൺ എയ്ഡഡ് സ്‌കൂൾ അധ്യാപികമാർ നേരിടുന്ന പ്രശ്‌നങ്ങൾ: വനിതാ കമ്മിഷൻ ഹിയറിംഗ് നാളെ
അൺ എയ്ഡഡ് സ്‌കൂൾ അധ്യാപികമാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് അവരിൽ നിന്നു തന്നെ നേരിട്ട് അറിയാനായി സംസ്ഥാന വനിതാ കമ്മിഷൻ നാളെ രാവിലെ 10 മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി അധ്യക്ഷത വഹിക്കും. നിയമസഭാംഗം കെ കെ രാമചന്ദ്രൻ വിശിഷ്ടാതിഥിയാകും. ജെൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തും. അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കക്കട്ടിൽ ചർച്ച നയിക്കും. വനിതാ കമ്മിഷനംഗം അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിക്കും.
മേലടിയിലെ കർഷകർക്കായി കാർഷിക യന്ത്രങ്ങളുടെ റിപ്പയർ ക്യാമ്പ്
കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പിന് ബുധനാഴ്‌ച തുടക്കമാകും. ‘കാർഷിക യന്ത്രം സർവ്വം ചലിതം മേലടി’ – എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് നവംബർ പതിനഞ്ച് മുതൽ ഡിസംബർ നാല് വരെ മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് നടക്കുക. മേലടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന തുറയൂർ, കീഴരിയൂർ, മേപ്പയ്യൂർ, തിക്കോടി, എന്നീ പഞ്ചായത്തുകളിലെയും പയ്യോളി മുനിസിപ്പാലിറ്റിയിലെയും എല്ലാ കാർഷിക യന്ത്രങ്ങളും അറ്റകുറ്റപ്പണി തീർത്തു നൽകുക എന്നതാണ് ഈ ക്യാമ്പിന്റെ പ്രാഥമിക ലക്ഷ്യം. ഈ സേവനം തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്. എന്നാൽ, ഏതെങ്കിലും സ്പെയർ പാർട്സുകൾ ആവശ്യമായി വന്നാൽ ആ തുക മാത്രം കർഷകരിൽ നിന്നും ഈടാക്കും. സ്പെയർ പാർട്സുകൾ യഥാസമയം ലഭ്യമാക്കാനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യുന്നതിനോടൊപ്പം കർഷകരിൽ യന്ത്രങ്ങളുടെ പരിപാലനത്തെക്കുറിച്ച് അവബോധമുണ്ടാക്കി എടുക്കുന്നതിനും ക്യാമ്പ് ലക്ഷ്യം വെക്കുന്നുണ്ട്. ട്രാക്ടർ, ടില്ലർ തുടങ്ങിയ വലിയ യന്ത്രങ്ങൾ കർഷകർ ആവശ്യപ്പെടുന്ന സ്ഥലത്ത് ചെന്ന് റിപ്പയർ ചെയ്യുന്ന മൊബൈൽ അഗ്രോ മെഷിനറി റിപ്പയർ യൂണിറ്റിന്റെ സേവനവും ഈ ക്യാമ്പിൽ നൽകുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ ക്യാമ്പാണ് മേലടിയിൽ നടക്കാൻ പോകുന്നത്. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രം കൂത്താളിയിലെ വിദഗ്ധരായ ടെക്നിഷ്യൻമാരാണ് ഈ ക്യാമ്പിന് നേതൃത്വം നൽകുന്നത്. ബ്രഷ് കട്ടർ, ചെയിൻ സൊ, ടില്ലർ, ട്രാക്ടർ തുടങ്ങി ഏതൊരു കാർഷിക യന്ത്രവും ഈ ക്യാമ്പിൽ പ്രവർത്തനക്ഷമമാക്കുന്നതാണ്. ക്യാമ്പിന് വേണ്ട സാങ്കേതിക ഉപദേശങ്ങൾ കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ മുഖ്യ നിർവ്വഹണ ഓഫീസർ ഡോ യു ജയ്‌കുമാർ നൽകും.
മേലടി ബ്ലോക്കിലെ എല്ലാ കർഷകരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത ഹരിദാസ് അറിയിച്ചു. ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കായി 9497009673 എന്ന നമ്പറിൽ ബന്ധപ്പെടാം.