ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുടെ 1990-ലെ രഥയാത്രയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി പാർട്ടി നേതൃത്വം. തരൂർ പങ്കുവെച്ചത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്ന് കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേര വ്യക്തമാക്കി.

വിഷയത്തിൽ പവൻ ഖേര X-ൽ കുറിച്ചത് ഇങ്ങനെയാണ്, ‘എപ്പോഴത്തെയും പോലെ, തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. കോൺഗ്രസ് അതിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുന്നു. ഒരു കോൺഗ്രസ് എം.പിയും വർക്കിങ് കമ്മിറ്റി അംഗവും എന്ന നിലയിൽ അദ്ദേഹം അത് തുടരുന്നത് കോൺഗ്രസിന്റെ മാത്രം പ്രത്യേകതയായ ജനാധിപത്യവും ഉദാരതയുമാണ് കാണിക്കുന്നത്’.

അദ്വാനിക്ക് 98-ാം ജന്മദിനം ആശംസിച്ചുകൊണ്ട് തരൂർ X-ൽ ഇട്ട പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. അദ്വാനിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച തരൂർ, അദ്ദേഹത്തിന്റെ പൊതുസേവനത്തോടുള്ള പ്രതിബദ്ധത, വിനയം, മാന്യത എന്നിവ എടുത്തുപറഞ്ഞു. ആധുനിക ഇന്ത്യയുടെ ഗതി നിർണയിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് മായ്ക്കാനാവാത്തതാണെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു. അദ്വാനിയെ യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ എന്നും സേവനജീവിതം മാതൃകാപരമാണെന്നും തരൂർ വിശേഷിപ്പിച്ചു.

അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചതായി കണക്കാക്കപ്പെടുന്ന അദ്വാനിയുടെ രഥയാത്രയെക്കുറിച്ച് ഒരു അഭിഭാഷകൻ ചോദ്യം ഉന്നയിച്ചപ്പോഴാണ് തരൂർ ന്യായീകരണവുമായി രംഗത്തെത്തിയത്. “എത്ര പ്രധാനപ്പെട്ടതാണെങ്കിലും, അദ്വാനിയുടെ നീണ്ട വർഷത്തെ സേവനത്തെ ഒരു സംഭവത്തിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ല,” എന്ന് തരൂർ മറുപടി നൽകി. നെഹ്റുവിന്റെ കരിയർ ചൈനയുടെ തിരിച്ചടി വെച്ചോ ഇന്ദിരാഗാന്ധിയുടെത് അടിയന്തരാവസ്ഥ വെച്ചോ മാത്രം വിലയിരുത്താൻ സാധിക്കില്ല. ഇതേ പരിഗണന അദ്വാനിക്കും നൽകണമെന്നും തരൂർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *