നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കൺവീനറുടെ ഭാഗത്തുനിന്നടക്കമുണ്ടായ വിചിത്ര പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, കോൺഗ്രസ് സ്വീകരിച്ച സമീപനം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല. കേസിൽ വിധി വന്നതിന് പിന്നാലെ, എന്തിനാണ് അപ്പീലിന് പോകുന്നത് എന്ന ചോദ്യവുമായി യുഡിഎഫ് രംഗത്തെത്തുന്നത് വിചിത്രമായ നടപടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ കേസിൽ കോൺഗ്രസിന്റെ നിലപാട് സ്ത്രീപക്ഷ നീതിയോട് ചേർന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ യുഡിഎഫിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മന്ത്രി വി. ശിവൻകുട്ടി, “വേട്ടക്കാരനൊപ്പമാണോ അതോ അതിജീവിതയ്‌ക്കൊപ്പമാണോ യുഡിഎഫ് എന്നത് വ്യക്തമാക്കണം” എന്ന് ആവശ്യപ്പെട്ടു. സർക്കാരും പൊതുസമൂഹവും എന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. കേസിന്റെ അന്വേഷണത്തിലോ നടത്തിപ്പിലോ സർക്കാർ ഒരിടത്തും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും, അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനൊപ്പം, മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച 13 സുപ്രധാന ചോദ്യങ്ങൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് ഉത്തരം മുട്ടി നിൽക്കുകയാണെന്നും, ദിവസവും പലതവണ മാധ്യമങ്ങളോട് പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവിന് പോലും ഈ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും മന്ത്രി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *