മലപ്പുറം: ജില്ലയിലെ ചിയാനൂർ ഭാഗത്തെ നിരവധി വീടുകളിൽ മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി സജീറാണ് (51) പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധ മോഷണക്കേസുകളിൽ ഇയാൾക്ക് മുൻപ് പങ്കാളിത്തമുണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

മോഷണം നടന്ന വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ള പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. സംഭവത്തിൽ സലീം എന്ന് പേരുള്ള കൂട്ടുപ്രതിക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് ചങ്ങരംകുളം സി ഐ ഷൈൻ അറിയിച്ചു.

സജീറും സലീമും ചേർന്ന് വളരെ ആസൂത്രിതമായ രീതിയിലാണ് മോഷണം നടത്തിയിരുന്നത്. രാത്രികാലങ്ങളിൽ സജീർ ഓടിക്കുന്ന ഗുഡ്‌സ് ഓട്ടോയിലാണ് ഇരുവരും മോഷണത്തിനായി എത്തിയിരുന്നത്. മോഷണം നടത്തേണ്ട സ്ഥലത്ത് എത്തുമ്പോൾ സലീം വാഹനത്തിൽ നിന്നിറങ്ങി മോഷണം നടത്തുകയും, സജീർ ഓട്ടോറിക്ഷയിൽ വിശ്രമിക്കുകയും ചെയ്യും. മോഷണം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒരുമിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

കഴിഞ്ഞ മാസമാണ് ചിയാനൂർ മാർസ് സിനിമാസിന് പിന്നിലായി സ്ഥിതി ചെയ്യുന്ന വിവിധ വീടുകളിൽ മോഷണം നടന്നത്. ചങ്ങരംകുളം എസ് ഐ എം നസിയയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *