മൂന്നാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ പശ്ചാത്തലത്തിൽ നിയമസഭ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. വിഷയം നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി ഗൗരവമായി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. എംഎൽഎയെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമോപദേശം തേടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

തുടർച്ചയായി പീഡന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ശനിയാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും നാടകീയമായ നീക്കത്തിലൂടെ പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. 

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും രം​ഗത്തെത്തി.ഏറെ പണിപ്പെട്ടാണ് രാഹുലിനെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. ഇരുവിഭാഗങ്ങളും പ്രതിഷേധവുമായി പ്രദേശത്ത് നിലയുറപ്പിക്കുകയായിരുന്നു. പത്തനംതിട്ടയ്ക്ക് പുറമെ പാലക്കാട് ബിജെപിയുടെ നേത്യത്വത്തിലും പ്രതിഷേധം ഉണ്ടായി. രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ആണ് പ്രതിഷേധം നടന്നത്. എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ രാഹുലിന്റെ കോലം കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *