പ്രതിപക്ഷ പാർട്ടികൾക്ക് നേരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നതെന്നും എന്നാൽ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘വിജയ് സങ്കൽപ് സഭ’യിൽ മോദി പറഞ്ഞു.

വികസനവും ജന ക്ഷേമവും ഉറപ്പ് നൽകുന്ന സദുദ്ദേശ്യമുള്ള പാർട്ടിയെ വോട്ടർമാർ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വ്യക്തമാണ്. ബിജെപിയെ അധികാരത്തിൽ എത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ജനം. ഉത്തരാഖണ്ഡിലെ അതിർത്തി ഗ്രാമങ്ങളെ അവഗണിച്ച മുൻ സർക്കാരുകളെയും മോദി രൂക്ഷമായി വിമർശിച്ചു.

ഈ ദശകം ഉത്തരാഖണ്ഡിന്റെതാണെന്നും അവസരം പാഴാക്കരുതെന്നും പ്രധാന മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. 17,000 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് വികസനത്തിന്റെ പാതയിൽ മുന്നേറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് പുതിയൊരു തിരിച്ചറിവ് കൈവരുന്നു. ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയും വികസനത്തിന്റെ പുത്തൻ ഊർജം നിറഞ്ഞതാണെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *