മുക്കം വല്ലത്തായിപ്പാറ ജനവാസമേഖലയിൽ പുലിയെന്നുകരുതുന്ന വന്യ ജീവിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിൽ.കാരശ്ശേരി പഞ്ചായത്തിലെ നാല്, എട്ട് വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന വല്ലത്തായിപ്പാറയിലാണ് അഞ്ച് ദിവസത്തോളമായി പുലിയുടെ സാന്നിധ്യമുണ്ടെന്ന് പറയുന്നു. പുലിയെ കണ്ട വിവരം വനം വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീണ്ടും പുലിയെ കണ്ടതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. ഓട്ടോ ഡ്രൈവറായ വല്ലത്തായിപ്പാറ സ്വദേശി മനാഫാണ് ആദ്യമായി പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. അര്‍ധരാത്രി ഓട്ടോറിക്ഷയില്‍ വരികയായിരുന്ന മനാഫ് പുലിയെ കണ്ട വിവരം വാട്സാപ്പില്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കാലടയാളം നിരീക്ഷിച്ച് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു. ഭീതി അടങ്ങിയതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീണ്ടും പുലിയെ കണ്ടെന്ന വാര്‍ത്ത പ്രചരിക്കുകയാണ്. കപ്പാല സ്വദേശി ബാസിത്തും ജാസിറുമാണ് രണ്ട് ദിവസങ്ങളിലായി പുലിയെ കണ്ടുവെന്ന് വിവരം നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ അശ്്‌റഫ് തച്ചാറമ്പത്ത് പറഞ്ഞു. ഉടന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയമിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ ആര്‍ ടി ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി. വല്ലത്തായിക്കടവ് പാലം, പീച്ചാംപൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *