ശബരിമല സ്വർണക്കവർച്ചാ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ “ശബരിമലയിലെ മൊത്തം സ്വർണവും കൊള്ളയടിച്ചല്ലോ” എന്ന് കോടതി വാക്കാൽ പരാമർശിച്ചു. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിർത്തതിനെത്തുടർന്നാണ് കോടതി നടപടി. എന്നാൽ, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ കോടതി നീട്ടി നൽകിയിട്ടുണ്ട്. ഈ മാസം 18-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകാൻ ജയശ്രീക്ക് നിർദ്ദേശം നൽകി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ജയശ്രീക്ക് ആവശ്യമെങ്കിൽ എയിംസിലോ കേരളത്തിലെ മറ്റ് മികച്ച ആശുപത്രികളിലോ ചികിത്സാ സൗകര്യം ഉറപ്പാക്കാമെന്നും ജയിലിലാണെങ്കിൽ അവിടെയും ചികിത്സ നൽകാൻ നിർദ്ദേശിക്കാമെന്നും കോടതി പറഞ്ഞു. ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന ജയശ്രീയുടെ വാദം നിലനിൽക്കെ തന്നെ, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജയശ്രീക്കും ഇടനിലക്കാരനായ കൽപേഷിനും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. സ്വർണക്കവർച്ചയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാകും ഇ.ഡി പ്രധാനമായും അന്വേഷിക്കുക.
