കേരളത്തിലെ ഇടതുസർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു മുഖ്യമന്ത്രിമാരും ചെയ്യാത്ത ഉപകാരം തങ്ങള്‍ക്ക് ചെയ്ത് തന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ക‍ഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചത് ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേത് വ്യാപാരി സൗഹൃദ നിലപാടാണെന്നും സർക്കാരിനെതിരെ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി, പരാതികളുമായി എത്തുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഒരേസമയം പരിഹാരം കാണുന്ന രീതിയാണ് നിലവിലെ മുഖ്യമന്ത്രിയുടേതെന്നും രാജു അപ്സര.

സർക്കാരിനെതിരെ മത്സരിക്കണമെന്ന മുൻ തീരുമാനവും സംഘടന തൽക്കാലം പിൻവലിച്ചിരിക്കുകയാണ്. ഗവൺമെന്റിന് അനുകൂലമായ നിലപാടാണ് നിലവിലുള്ളതെന്നും, നികുതി സംവിധാനം വ്യാപാരികൾക്ക് സഹായകരമാണെന്നും രാജു അപ്സര ചൂണ്ടിക്കാട്ടി. പാരമ്പരാഗതമായി യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സംഘടനയുടെ ഈ രാഷ്ട്രീയ മാറ്റം ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ തങ്ങൾക്ക് എതിരഭിപ്രായമില്ലെന്നും യുഡിഎഫ് ഭരണത്തേക്കാൾ മികച്ചതാണ് നിലവിലെ ഭരണമെന്നുമാണ് സമിതിയുടെ വിലയിരുത്തൽ. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതായി നിലവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നണികളുടെ പ്രകടനപത്രിക വരുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വരും.

Leave a Reply

Your email address will not be published. Required fields are marked *