കേരളം ലിംഗസമത്വത്തിലേക്ക് നടത്തുന്ന യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാനും തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളോടൊപ്പം തന്നെ ട്രാൻസ് വുമണുകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒന്നാം ഘട്ടത്തിൽ 10,18,390 പേർക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. സാമ്പത്തിക പരാശ്രയത്വം സ്ത്രീകളെ വീടിനകത്ത് പോലും നിശബ്ദരാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ആരോടും കൈനീട്ടാതെ തലയുയർത്തി ജീവിക്കാൻ അവർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഴയകാലത്തെ തൊട്ടുകൂടായ്മയും ഉച്ചനീചത്വങ്ങളും പരിഹരിക്കുന്നതിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ വലിയ പങ്കുവഹിച്ചു. 1957-ലെ ഇ.എം.എസ് സർക്കാരിന്റെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവുമാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. പാവപ്പെട്ടവർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത് ഇ.എം.എസ് സർക്കാർ സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കി. ഇതിന്റെ ഫലമായി ഇന്ന് പ്രൊഫഷണൽ രംഗങ്ങളിലടക്കം സ്ത്രീകൾ വലിയ മേധാവിത്വം വഹിക്കുന്നു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിലെ ഡിഗ്രി കോഴ്സുകൾ സൗജന്യമായിരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്താദ്യമായി ഓരോ വകുപ്പിന്റെയും പദ്ധതിവിഹിതത്തിൽ സ്ത്രീകൾക്കായി പ്രത്യേക തുക മാറ്റിവെക്കുന്ന ‘ജെൻഡർ ബജറ്റിങ്’ നടപ്പിലാക്കിയത് കേരളമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് ബജറ്റിന്റെ വലിയൊരു വിഹിതം സ്ത്രീകൾക്കായി മാറ്റിവെക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീയും അയൽക്കൂട്ടങ്ങളും ഇന്ന് സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവുമായ വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം വിപ്ലവകരമായ പദ്ധതികളിലൂടെ വികസിതവും തുല്യനീതിയിലധിഷ്ഠിതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *