അസമിലെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ ‘ട്രാൻസ് ടീ സ്റ്റാൾ’ പ്രവർത്തനം ആരംഭിച്ചു. ട്രാൻസ് ജെൻഡർ കമ്യൂണിറ്റിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശാസ്തീകരിക്കാനും ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ട്രാൻസ് ടീ സ്റ്റാൾ റെയിൽവേ സ്റ്റേഷനിലാരംഭിക്കുന്നത്.
ട്രാൻസ്‌ജെൻഡർ സമൂഹത്തെ ശാക്തീകരിക്കുന്നതിനായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NEFR) ആണ് ‘ട്രാൻസ് ടീ സ്റ്റാൾ’ തുറക്കാനുള്ള ആശയം സൃഷ്ടിച്ച് നടപ്പിലാക്കിയത്. ഇവർക്ക് ഓൾ അസം ട്രാൻസ്‌ജെൻഡർ അസോസിയേഷന്റെ സജീവ സഹകരണം ലഭിച്ചതോടെ പദ്ധതി യാഥാർത്ഥ്യമായി.
ഗുവാഹത്തി സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള ‘ട്രാൻസ് ടീ സ്റ്റാൾ’ വെള്ളിയാഴ്ച എൻഎഫ് റെയിൽവേ ജനറൽ മാനേജർ അൻഷുൽ ഗുപ്ത ഉദ്ഘാടനം ചെയ്തു.