ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന പ്രതിനിധികളെ ഒഴിവാക്കി ക്രെഡിറ്റ് തട്ടിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. ബിജെപിയുടേത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും സർക്കാർ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ കോടതി ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും നൽകാത്ത രീതിയിൽ ദേശീയപാത വികസനത്തിനായി കേരളം സ്വന്തം ഫണ്ട് നൽകിയിട്ടുണ്ട്. പണം നൽകിയ സംസ്ഥാനത്തെ അവഗണിച്ച് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിന് വേണ്ടി ചെയ്തത് വട്ടപ്പൂജ്യം ആണെന്ന് മന്ത്രി വിമർശിച്ചു. സ്വന്തം മണ്ഡലത്തിൽ ആയിരം രൂപയുടെ വികസനം പോലും നടത്താത്ത കോടീശ്വരനായ അദ്ദേഹം സാധാരണക്കാരായ നേമത്തുകാരെ പേടിപ്പിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. എല്ലാ മേഖലകളിലും സംസ്ഥാനത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ച് കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് നിലവിലെ രാഷ്ട്രീയ തർക്കങ്ങൾക്ക് കാരണം. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തില്ലെന്നതും പ്രതിഷേധത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
