കേരളത്തിലെ ദേശീയപാത വികസനത്തിന്റെ റീച്ചിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതിനിധിയെ ബോധപൂർവ്വം ഒഴിവാക്കിയത് വഴി കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയിരിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കേരളത്തിൽ ഒരു കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ദേശീയപാത പദ്ധതി ഇടത് സർക്കാർ ഇടപെട്ടാണ് പുനരുജ്ജീവിപ്പിച്ചത്. ദേശീയപാത വികസനത്തിനായി ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭൂമി ഏറ്റെടുക്കലിനായി മാത്രം 5600 കോടി രൂപയാണ് സംസ്ഥാനം ഖജനാവിൽ നിന്ന് നൽകിയത്. സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ നോഡൽ ഓഫീസായി പിഡബ്ല്യുഡി വകുപ്പ് പ്രവർത്തിക്കുമ്പോൾ, ഉത്തരവാദിത്തപ്പെട്ട മന്ത്രിയെ ചടങ്ങിൽ നിന്ന് ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷനെ വിളിക്കുന്നുണ്ടെങ്കിൽ മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും വിളിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ആരാഞ്ഞു.

വ്യക്തിപരമായ പരിഭവമല്ലെന്നും, മറിച്ച് കേരളത്തിന്റെ അവകാശത്തെയും സംസ്ഥാനത്തെയും അപമാനിക്കുന്ന നടപടിയാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പോലും കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പദ്ധതിയാണിന്നും അദ്ദേഹം വ്യക്തമാക്കി.. അദ്ദേഹം പോലും പങ്കെടുക്കാത്ത ഈ ചടങ്ങിൽ ജനാധിപത്യ മര്യാദകൾ പാലിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നിർവഹിക്കുന്ന ആദ്യ റീച്ചിന്റെ ഉദ്ഘാടനത്തിൽ നിന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ബോധപൂർവ്വം മാറ്റിനിർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *