പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണം തടസ്സപ്പെട്ടതോടെ ഹോട്ടൽ മേഖലയും പൊതുജനങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഹോട്ടലുകളുടെ പ്രവർത്തനം താളംതെറ്റിത്തുടങ്ങി. ഈ സാഹചര്യം മുൻനിർത്തി ഹോട്ടലുകളുടെ മെനുവിലും പാചക രീതിയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നാഷണൽ റസ്റ്റോറൻസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇന്ധനം ലാഭിക്കുന്ന പാചക രീതികൾക്കൊപ്പം ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം.

ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളേക്കാളുപരി, കപ്പലുകൾക്ക് ഇൻഷുറൻസ് നൽകുന്നത് കമ്പനികൾ നിർത്തലാക്കിയതാണ് എൽപിജി ഇറക്കുമതിയെ സാരമായി ബാധിച്ചത്. നിലവിൽ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നതിനാലാണ് വാണിജ്യ മേഖലയിൽ ക്ഷാമം രൂക്ഷമായത്.

പ്രതിസന്ധി പരിഹരിക്കാൻ 10 ശതമാനം അധിക ഉൽപാദനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് എൽപിജി വിതരണ അസോസിയേഷൻ. അതേസമയം, സിലിണ്ടറുകളുടെ സ്റ്റോക്ക് ലഭ്യമാണെന്നും വാണിജ്യ സിലിണ്ടറുകളുടെ നിയന്ത്രണത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇതിനോടകം തന്നെ പാചകവാതക ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *