സംസ്ഥാനത്ത് ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചക വാതകം കൊണ്ടുപോകുന്നതിലും വിലക്കേർപ്പെടുത്തി. എലത്തൂർ ട്രെയിൻ തീ വെപ്പിന് പിന്നാലെയാണ് 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി ഉത്തരവിറക്കിയത്.

വീടുകളിലേക്ക് പാചക വാതക സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വണ്ടികളിലോ കൊണ്ട് പോയാൽ കർശന നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ കയറി ഇന്ധനമാടിക്കുന്നതിനും വിലക്കുണ്ട്. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കൂ. പെട്രോൾ തീർന്ന് വണ്ടി വഴിയിലായാൽ പോലും ഇനി കുപ്പിയിൽ പെട്രോൾ ലഭിക്കില്ല.

നിലവിൽ, ട്രെയിനുകളിൽ പാഴ്സലായി അയക്കുന്ന വാഹനങ്ങളിൽ ഇന്ധനം ഉണ്ടാവരുതെന്ന നിയമം നിലവിലുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *