കോഴിക്കോട്: ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ട് കരാർ ജീവനക്കാരെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി വിനോദ് കുമാർ (40), നെന്മാറ സ്വദേശി നാസറുദ്ദീൻ (34) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ മാവൂർ പൈപ്പ് ലൈൻ റോഡിലെ എക്സ്ചേഞ്ചിൽ നിന്ന് 35 മീറ്ററോളം നീളമുള്ള കേബിളുകളാണ് ഇവർ കവർന്നത്. മോഷണമുതലുമായി കടന്നുകളയാൻ ശ്രമിച്ച പ്രതികളെ ഒടുവിൽ കുടുക്കിയതാകട്ടെ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ഓട്ടോ ഡ്രൈവറായ നിഷാദിന്റെ സമയോചിതമായ ഇടപെടലും.

മോഷണം നടത്തിയ കേബിളുകളുമായി നിഷാദിന്റെ ഓട്ടോയിൽ കയറിയ പ്രതികളുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയതാണ് കേസിൽ നിർണ്ണായകമായത്. യാത്രയ്ക്കിടെ ഇവരുടെ അസ്വാഭാവികത തിരിച്ചറിഞ്ഞ നിഷാദ്, ബുദ്ധിപൂർവ്വം ഓട്ടോ നേരെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതികൾ ടെലിഫോൺ എക്സ്ചേഞ്ചിലെ കരാർ തൊഴിലാളികളാണെന്നും തങ്ങൾ മോഷ്ടാക്കളാണെന്നും സമ്മതിച്ചത്. മാവൂർ പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *