തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായി തുടരുന്നതിനിടയിൽ ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം വേനൽമഴ ലഭിച്ചിരുന്നു. ഇടിമിന്നൽ അതീവ അപകടകാരിയായതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സംസ്ഥാനത്തെ 12 ജില്ലകളിൽ കടുത്ത ചൂട് തുടരുമെന്നാണ് പ്രവചനം. പാലക്കാട് ജില്ലയിൽ താപനില 39°C വരെയും കൊല്ലത്ത് 38°C വരെയും ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°C വരെയും ചൂട് വർധിച്ചേക്കാം.
സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത അത്യാവശ്യമാണ്. ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർധിക്കുന്നതിനാൽ മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
