ബോക്സോഫീസിൽ തരംഗം തീർത്ത് മുന്നേറുകയാണ് ‘വാഴ 2’. റീൽസിലൂടെ കേരളക്കരയുടെ ഹൃദയം കീഴടക്കിയ ഹാഷിർ, വിനായകൻ, അലൻ, അജിൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഈ ചിത്രം വെറും ഏഴ് ദിവസംകൊണ്ടാണ് 100 കോടി ക്ലബിൽ ഇടംപിടിച്ചത്. ഇതിനിടെയാണ് ചിത്രത്തിനെതിരെ ചില വിമർശനങ്ങളും ഉയർന്നത്.

ചിത്രീകരണത്തിനായി ഹാഷിർ, വിനായകൻ, അലൻ, അജിൻ എന്നിവരടങ്ങുന്ന സംഘം യുകെയിലേക്ക് പോയിരുന്നു. ‘ലണ്ടനിൽ ഹാഷിറിന് അഭിനയിക്കാൻ സീനുകളില്ലല്ലോ, പിന്നെന്തിനാണ് യുകെയിലേക്ക് പോയതെ’ന്നാണ് ചിലർ വിമർശനമുന്നയിച്ചത്. ഇപ്പോഴിതാ സിനിമയുടെ മേക്കപ്പ്മാൻ തന്നെ അത്തരം വിമർശനങ്ങളുടെ മുനയൊടിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘‘ഇതാണ് നമ്മൾ പറഞ്ഞ നടൻ ഹാഷിർ. എല്ലാവരും ചോദിച്ചു എന്തിനാണ് ഹാഷിർ യുകെയിൽ വന്നതെന്ന്… ഒരു സിനിമയുടെ വിജയത്തിന് കാരണം ഇങ്ങനെയൊരു കൂട്ടായ്മയാണ്. നിന്നെക്കുറിച്ച് ഓർത്ത് ഞങ്ങൾക്ക് അഭിമാനമുണ്ട് സൂപ്പർസ്റ്റാർ ഹാഷിർ.’’ വീഡിയോ പങ്കുവെച്ചുകൊണ്ട് സുധി കുറിച്ചതിങ്ങനെ.
മറ്റൊരു താരമായ വിനായകും സെറ്റിൽ സജീവമായിരുന്നുവെന്നും സുധി പറയുന്നു. ആർട്ട് അസിസ്റ്റന്റായി വിനായക് സെറ്റിൽ സഹായിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. സ്ക്രീനിൽ കാണുന്നവർ മാത്രമല്ല, ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരുടെ കൂടി അധ്വാനമാണ് ഒരു സിനിമയുടെ വിജയമെന്ന് കുറിച്ച അദ്ദേഹം ഇത്തരമൊരു കൂട്ടായ്മയാണ് ‘വാഴ 2’-ന്റെ കരുത്തെന്നും ചൂണ്ടിക്കാട്ടി.
വീഡിയോ കാണാം: https://www.instagram.com/reel/DW8nsmBTOWu/?igsh=MXF0enl3ZGpqdTNzdQ==
