കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ – 52) 37 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും വിവിധ സ്ഥലങ്ങളിൽ വിൽക്കുകയും ചെയ്ത കേസിലാണ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) വിധി പുറപ്പെടുവിച്ചത്.

നിലവിൽ മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സുരേഷ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ മറ്റു രണ്ട് കേസുകളിലെ ശിക്ഷാവിധി ഈ മാസം 13-ന് പ്രഖ്യാപിക്കും. പുതിയ വിധി പ്രകാരമുള്ള ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. അന്യായമായി തടഞ്ഞുവെച്ചതിന് 1 വർഷം, പെൺകുട്ടിയെ വിറ്റതിനും വാങ്ങിയതിനും 20 വർഷം (10 വർഷം വീതം), വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന് 10 വർഷം, തടവിൽ പാർപ്പിച്ചതിനും വ്യഭിചാരശാല നടത്തിയതിനും 6 വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായി 14,000 രൂപ പിഴ അടയ്ക്കണം. തുക ഇരയായ പെൺകുട്ടിക്ക് കൈമാറണം. ഇരയ്ക്കുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. നേരത്തെ മറ്റൊരു കേസിൽ പ്രതിക്ക് 24 വർഷം ശിക്ഷയും പെൺകുട്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചിരുന്നു.

1995-ലാണ് വിതുര സ്വദേശിനിയായ പെൺകുട്ടിയെ ബന്ധുവായ യുവതി പ്രലോഭിപ്പിച്ച് വീട്ടിൽ നിന്നിറക്കി സുരേഷിന് കൈമാറുന്നത്. തുടർന്ന് എട്ടുമാസത്തോളം സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേർക്ക് പെൺകുട്ടിയെ കൈമാറി പീഡിപ്പിച്ചു എന്നാണ് കേസ്. 24 കേസുകളിലായി സുരേഷ് ഉൾപ്പെടെയുള്ള പ്രതികളാണ് വിചാരണ നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *