വയോശ്രേഷ്‌ഠ സമ്മാന്‍ 2021 അപേക്ഷ ക്ഷണിച്ചു

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ദേശീയതലത്തില്‍ നല്‍കിവരുന്ന വയോശ്രേഷ്ഠ സമ്മാന്‍ 2021 നുള്ള അപേക്ഷ ക്ഷണിച്ചു.

വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട മേഖലയില്‍ ഗവേഷണം നടത്തുന്ന ഏറ്റവും മികച്ച സ്ഥാപനം, മുതിര്‍ന്ന പൗരന്മാര്‍ക്കായി സേവനം നല്‍കുന്നതും ബോധവല്‍ക്കരണം നല്‍കുന്നതുമായ ഏറ്റവും മികച്ച സ്ഥാപനം, മുതിര്‍ന്ന പൗരന്മാര്‍ക്കായി സേവനങ്ങള്‍ നല്‍കുന്നതും സൗകര്യങ്ങള്‍ അനുവദിക്കുന്നതുമായ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്, മുതിര്‍ന്ന പൗരന്മാര്‍ക്കായി സേവനങ്ങള്‍ നല്‍കുന്നതും സൗകര്യങ്ങള്‍ അനുവദിക്കുന്നതുമായ ഏറ്റവും മികച്ച നഗരസഭ, മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം, മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം, വിവിധ മേഖലകളില്‍ മികച്ച വ്യക്തിത്വം കാഴ്ചവെച്ച മുതിര്‍ന്ന പൗരന്മാര്‍ എന്നീ മേഖലകളിലാണ് അവാർഡ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.swd.kerala. gov.in. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ രണ്ട് കോപ്പി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന
വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 15. ഫോണ്‍-0495 2371911.

കോഴിയിറച്ചിയുടെ (ബ്രോയിലര്‍ ) വില നിശ്ചയിച്ചു

വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിൽ അമിത വില ഈടാക്കരുതെന്ന് മൊത്ത കച്ചവടക്കാരോട് നിർദേശിച്ചതായും കോഴിയിറച്ചിയുടെ (ബ്രോയിലര്‍ ) വില 150 രൂപയായി നിശ്ചയിച്ചതായും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കോവിഡ് സാഹചര്യം
മന്ത്രി അവലോകനം ചെയ്തു

എലത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കോവിഡ് സ്ഥിതിഗതികൾ മന്ത്രി എ.കെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. മണ്ഡലത്തെ കോവിഡ് മുക്ത മേഖലയാക്കാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടു കൂടി മുന്നോട്ട് കൊണ്ട് പോകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും
വാർഡ് അടിസ്ഥാനത്തിൽ ടെസ്റ്റിംഗിനുള്ള സൗകര്യം ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി. പൾസ് ഓക്സീമീറ്റർ ചാലഞ്ച് വിജയിപ്പിക്കാൻ എല്ലാ വിഭാഗങ്ങളുടെയും സഹായം അഭ്യർത്ഥിച്ചു. കുറവ് കോവിഡ് കേസുകളുള്ള വാർഡുകളെ പൂർണമായും കോവിഡ് മുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. പി നൗഷീർ, കൃഷ്ണവേണി മാണിക്കോത്ത്,കെ. പി ഷീബ, പ്രമീള കെ. ടി, സി. എം ഷാജി, ജനപ്രതിനിധികൾ, ഹെൽത്ത്, പോലീസ്, ഉദ്യോഗസ്ഥർ,കോവിഡ് നോഡൽ ഓഫീസർമാർ ,സെക്ടറൽ മജിസ്ട്രേറ്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദുരിതാശ്വാസനിധിയിലേക്ക് ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകി

ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി. ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നുള്ള തുകയാണിത്. ചെക്ക് നിയുക്ത എം.എൽ.എ അഡ്വ. കെ എം സച്ചിൻദേവിന് ഗ്രാമപഞ്ചയാത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ കൈമാറി

സ്റ്റാഫ് നേഴ്സ് നിയമനം

തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ബ്രിഗേഡിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 -വിനെ നിയമിക്കുന്നു. മെയ് 17 ന് രാവിലെ 11 മണിക്ക് സൂം മീറ്റിംഗ് വഴിയാണ് കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികൾ അപേക്ഷ ബയോഡാറ്റ സഹിതം മെയ് 14 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി chcthalakulathur@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കണം. വാട്സ്ആപ്പ് നമ്പറും ഈമെയിൽ ഐഡിയും അപേക്ഷയോടൊപ്പം ചേർക്കണം.

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എം.എല്‍.എ.എസ്.ഡി.എഫ് പ്രവൃത്തികള്‍ ( 5 ലക്ഷത്തില്‍ താഴെയുളള 4 പ്രവൃത്തികള്‍) റോഡ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും പൊതുമരാമത്ത് വകുപ്പു നിയമ പ്രകാരം ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 വൈകീട്ട് നാല് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2620305.

ന്യൂനമർദം : കടലില്‍ പോകാന്‍ പാടില്ല

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ച (മെയ് 14 )യോടു കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ ശക്തി പ്രാപിച്ച് ഇത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലില്‍ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനം വെള്ളി മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണമായും നിരോധിച്ചു.

നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ചയ്ക്കു മുന്നേ അടുത്തുള്ള സുരക്ഷിത തീരത്തെത്തണം. ആഴക്കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടു കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *