ജനസംഖ്യാ നിയന്ത്രണത്തിന് മാന്യമായ കുടുംബാസൂത്രണം നയം സ്വീകരിക്കണമെന്ന് മുസ്‌ലിങ്ങളോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.അസമിലെ ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തിന് കാരണം കുടിയേറിയ മുസ്‌ളീങ്ങളാണെന്നും അവര്‍ കുടുംബാസൂത്രണം പിന്തുടര്‍ന്നാല്‍ ഇതെല്ലാം ഒഴിവാക്കാമെന്നും ഹിമാന്ദ ബിശ്വ ശര്‍മ്മ. പുതിയ സര്‍ക്കാര്‍ ഒരു മാസം കാലാവധി തികച്ച സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹിമാന്ദ ബിശ്വ ശര്‍മ്മ ഈ ആക്ഷേപം നടത്തിയത്.
കുടിയേറ്റക്കാരായ മുസ്‌ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പല സ്ഥലങ്ങളിലും ജനങ്ങള്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കാന്‍ കാരണം ജനസംഖ്യാ വര്‍ദ്ധനവാണെന്നും, ഇത്തരത്തില്‍ കൈയ്യേറിയ ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ആളുകള്‍ക്ക് താമസിക്കാനുള്ള ഇടം ആവശ്യമാണ്. വനങ്ങളിലും ക്ഷേത്രങ്ങളിലും സത്രങ്ങളിലും ജനങ്ങളോട് താമസിക്കാന്‍ പറയാനാകില്ല, ” അദ്ദേഹം പറഞ്ഞു.പ്രതിഷേധം കൊണ്ട് ദാരിദ്ര്യമില്ലാതാകില്ലെന്നും അതിന് മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്നും ഹിമന്ത പറഞ്ഞു. കുടിയേറ്റ മുസ്‌ലിങ്ങളുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ജീവിക്കാന്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം ചെറിയ കുടുംബം എന്ന ശീലം പാലിക്കാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷേത്രപരിസരത്തും വനങ്ങളിലും താമസിക്കുന്നവരെ അനധികൃത കൈയേറ്റം എന്നാരോപിച്ച് പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് എഐയുഡിഎഫ് പറയുന്നത്. സംസ്ഥാനത്തിന്റെ നയമാണെങ്കില്‍ തങ്ങള്‍ എതിര്‍ക്കുകയില്ലെന്നും എന്നാല്‍ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹം പറയുന്നില്ലെന്നും ഇവര്‍ പ്രതികരിച്ചു. അതേസമയം ബിജെപി നേതാക്കള്‍ ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ഇതാദ്യമല്ല.
ലോവര്‍ ആസസാമിലും സെന്‍ട്രല്‍ ആസാമിലും കഴിയുന്ന ബംഗാളി സംസാരിക്കുന്ന മുസ്‌ളീങ്ങള്‍ ബംഗ്‌ളാദേശില്‍ നിന്നുള്ള മുസ്‌ളീങ്ങളാണെന്നാണ് ആസ്സാമുകാര്‍ കരുതുന്നത്. ഇവരില്‍ നിന്നും ആസ്സാമിലെ ജനതയെ സംരക്ഷിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയിരുന്ന വാഗ്ദാനം. ആസ്സാമിലെ 3.12 കോടി ജനതയില്‍ 31 ശതമാനവും ബംഗ്‌ളാദേശില്‍ നിന്നും കുടിയേറിയ മുസ്‌ളീങ്ങളാണെന്നാണ് വിലയിരുത്തല്‍. ആസ്സാമിലെ 126 നിയമസഭാ മണ്ഡലങ്ങളിലെ 35 സീറ്റുകളില്‍ വിജയം നിര്‍ണ്ണയിക്കുന്നത് ഇവരാണ്.
