താന്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബി.ജെ.പിയില്‍ ചേരില്ലെന്നും ആരുമായും ഇതിനായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തന്നോട് സംസാരിക്കാനുള്ള ധൈര്യം ബിജെപിക്ക് ഇല്ലെന്നു പറഞ്ഞ സച്ചിൻ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.
നേരത്തെ സച്ചിന്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥനാണെന്നും ഉടന്‍ ബി.ജെ.പിയിലെത്തുമെന്നും ബി.ജെ.പി നേതാവ് റിത്ത ബഹുഗുണ ജോഷി പറഞ്ഞിരുന്നു. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് പിന്നാലെയായിരുന്നു ജോഷിയുടെ പ്രതികരണം.
‘സച്ചിനും ഉടന്‍ ബി.ജെ.പിയില്‍ ചേരും. പാര്‍ട്ടി അദ്ദേഹത്തെ നല്ലരീതിയിലല്ല ഉള്‍ക്കൊള്ളുന്നത്,’ എന്നായിരുന്നു ജോഷിയുടെ പ്രതികരണം.
ഞാനുമായി സംസാരിച്ചെന്ന അവരുടെ അവകാശവാദം കേട്ടിരുന്നു. റിത ബഹുഗുണ ജോഷിയാണല്ലോ സച്ചിനുമായി സംസാരിച്ചെന്ന് പറഞ്ഞത്. അവർ വേണമെങ്കിൽ സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ചിട്ടുണ്ടാകും. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല, സച്ചിൻ പൈലറ്റ് പറഞ്ഞു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായിരുന്ന റിത്ത ബഹുഗുണ ജോഷി 2017 ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും പാര്‍ട്ടി വിട്ടതോടെ അടുത്തത് സച്ചിന്‍ പൈലറ്റാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.
