കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം പോലീസ് പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോയിലധികം സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ് (24) ആണ് പിടിയിലായത്.
ശരീരത്തിനകത്ത് 1.075 കിലോ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് (SG 018 ) സല്‍മാനുല്‍ ഫാരിസ് കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ സല്‍മാന്‍ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ സല്‍മാന്‍ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടർന്ന് സല്‍മാനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.സല്‍മാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്‌ കസ്റ്റംസിനും സമര്‍പ്പിക്കും.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 64-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *