പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെ ഉന്തും തള്ളും ഉണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ രംഗത്തെത്തി. ഷാഫി തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹം ദേഷ്യത്തിലല്ല പ്രതികരിച്ചതെന്നും പ്രമോദ് വ്യക്തമാക്കി. കാണികൾ ആവശ്യപ്പെട്ടപ്പോൾ താൻ ഷാഫിയെ പ്രസംഗിക്കാൻ ക്ഷണിച്ചതാണെന്നും എന്നാൽ സംസാരിക്കാനില്ലെന്ന് അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നുമാണ് വിശദീകരണം.
വിഷയത്തിൽ കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാറും വ്യക്തത വരുത്തി. അവിടെ നടന്നത് ഒരു ‘സ്‌നേഹത്തള്ളൽ’ മാത്രമായിരുന്നുവെന്നും വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമയം വൈകിയതിനാൽ എം.കെ. രാഘവൻ എം.പിയെയും പാറയ്ക്കൽ അബ്ദുള്ളയെയും സംസാരിക്കാൻ വിളിക്കാൻ ഷാഫി തന്നെയാണ് നിർദേശിച്ചത്. പ്രവർത്തകരുടെ ആവേശം ഉന്തും തള്ളുമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം ബോധപൂർവ്വം സൈബർ ആക്രമണം നടത്തി ജാഥയുടെ ശോഭ കെടുത്താൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം. നേതാക്കൾക്കിടയിൽ യാതൊരുവിധ നീരസവുമില്ലെന്നും പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും നേതൃത്വം വ്യക്തമാക്കി.
