തൃശൂർ: ചേർപ്പിൽ ഗുണ്ടാ സംഘത്തിൻ്റെ അറസ്റ്റിൽ നിർണായക വിവരങ്ങളുമായി പൊലീസ്. പ്രതികൾ ശ്രമിച്ചത് കൊടകര മോഡൽ കുഴൽപ്പണ വേട്ടക്കെന്ന സംശയത്തിലാണ് പൊലീസ്. ഹൈവേ റോബറിക്ക് വേണ്ടിയാണ് 34 അംഗ ഗുണ്ടാസംഘം ഒത്തു ചേർന്നതെന്നും പനംകുളത്തെ വീട്ടിൽ സംഘടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മാരകായുധങ്ങളും കുരുമുളക് – മുളക് പൊടികളും പ്രതികളുടെ വാഹനത്തിൽ സൂക്ഷിച്ചത് കവർച്ച ലക്ഷ്യമിട്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊടകര കുഴൽപ്പണ കേസ് പ്രതികളായ മാർട്ടിനും ഷാഹീനും അടക്കമുള്ള സംഘത്തെ മറ്റൊരാൾ നിയന്ത്രിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നൂറിലധികം കേസുകളിൽ പ്രതികളായ ഗുണ്ടാസംഘം ലക്ഷ്യമിട്ടത് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഒന്നലധികം കവർച്ചകൾക്കെന്നും സൂചനയുണ്ട്.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് തൃശൂർ റൂറൽ പൊലീസ് അന്വേഷണ സംഘം വിപുലപ്പെടുത്തി. ഇരിങ്ങാലക്കുട, സെപ്ഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കൊപ്പം ഡാൻസാഫ് – ഷാഡോ പൊലീസ് അംഗങ്ങളെയും സംഘത്തിൽ ഉൾപ്പെടുത്തി.
കരുവന്നൂർ പനംകുളത്ത് നിന്നാണ് ചൊവ്വാഴ്ച വൈകീട്ട് ഇവർ അറസ്റ്റിലായത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള കുറ്റവാളികൾ പിറന്നാൾ ആഘോഷത്തിനെന്ന പേരിലാണ് ഒത്തുകൂടിയത്.
