ദേശീയ പണിമുടക്ക് ദിവസം വി.ഡി. സതീശൻ തന്റെ ജാഥ മാറ്റിവയ്ക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും ജാഥയുമായി മുന്നോട്ട് പോകാനാണ് സതീശൻ തീരുമാനിച്ചത്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ലോകം ശ്രദ്ധിക്കുന്ന വലിയൊരു ജനകീയ മുന്നേറ്റം നടക്കുമ്പോൾ, കേരളത്തിലെ കോൺഗ്രസ് നേതൃത്വം അതിനെ തുരങ്കം വെക്കുകയാണെന്നും ഐഎൻടിയുസി പ്രവർത്തകരെ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് കാരണം കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനം ചിന്നഭിന്നമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്കിനെ അനുകൂലിക്കാൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്ന് ഐഎൻടിയുസി പ്രവർത്തകർ തന്നെ പരാതിപ്പെടുന്നുണ്ടെന്നും ഇത് തികച്ചും തെറ്റായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സർക്കാരിനെ തിരുത്തിക്കാൻ എല്ലാ തൊഴിലാളി വർഗവും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് കോൺഗ്രസ് സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയരണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *