രാജീവ് ഗാന്ധി വധക്കേസ് പ്രതികളും ശ്രീലങ്കൻ പൗരന്മാരുമായ മുരുകൻ, റോബർട് പയസ്, ജയകുമാർ എന്നിവരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ കഴിയുന്ന മൂന്ന് പേരെയും, യാത്രാരേഖകൾക്കുള്ള അപേക്ഷ നൽകാനായി നാളെ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ എത്തിക്കും. തിരുച്ചിറപ്പള്ളി ജില്ലാ കളക്ടറാണ് മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാനായി രാജ്യം വിടാൻ അനുവദിക്കണമെന്ന മുരുകന്റെ ഹർജിയിലാണ് കളക്ടര്‍ നിലപാട് അറിയിച്ചത്. ശ്രീലങ്ക പാസ്പോർട്ടും യാത്രരേഖകളും അനുവദിച്ചാൽ ഇവർക്ക് ഇന്ത്യ വിടാനാകും. എന്നാൽ ചെന്നൈ സ്വദേശിയെ വിവാഹം ചെയ്ത ജയകുമാർ, ശ്രീലങ്കയിലേക്ക് മടങ്ങുന്നില്ലെന്ന നിലപാടിലാണ്. 2022 നവംബരിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതരായെങ്കിലും, യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റിയിരുന്നു. ലങ്കയിലേക്ക് പോകാൻ അനുമതി കിട്ടിയതിന് പിന്നാലെ, ശാന്തൻ മരിച്ചതോടെ മറ്റുള്ളവരുടെ മോചനത്തിനായുള്ള ആവശ്യം ശക്തമായിരുന്നു.1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *