ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. രണ്ട് പേര്‍ അപകടത്തിലും ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടറില്‍ നിന്ന് വീണുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.. കയറിൽ തൂങ്ങി സാഹസികമായി ഹെലികോപ്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീഴുകയായിരുന്നു. അപകടം നടന്ന് 40 മണിക്കൂറിലേറെയായിട്ടും കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്താനായില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും ഡ്രോൺ ഉപയോഗിച്ച് എത്തിച്ചിട്ടുണ്ട്.ഞായറാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടമുണ്ടായത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സഞ്ചാരികൾ കേബിൾ കാറുകളിൽ കുടുങ്ങി. ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾക്കു ഗുരുതരമായി പരുക്കേറ്റു. അപകടകാരണം സാങ്കേതികത്തകരാറാണെന്ന് അധികൃതർ പറഞ്ഞു. റോപ്‍വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയുടെ മാനേജരും ജീവനക്കാരും ഒളിവിലാണ്.സ്ഥലത്തെ എംപി നിഷികാന്ത് ദുബ്ബെ അപകട സ്ഥലം സന്ദർശിച്ചു. അദ്ദേഹം ആഭ്യന്തരമന്ത്രി അമിത്ഷായെയും ജാർഖണ്ഡ് സെക്രട്ടറി സുഖ്ദ്യോ സിംഗിനെയും വിവരം അറിയിച്ചതായും വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വെർട്ടിക്കൽ റോപ്പ് വെയാണ് ത്രികുത്. 766 മീറ്ററാണ് റോപ്പ് വെയുടെ നീളം. 392 മീറ്റർ ഉയരമുള്ളതാണ് ത്രികുത് ഹിൽ. 25 കേബിൾ കാറുകളാണ് ഈ റോപ്പ് വെയിലുള്ളത്. ഒരു കാബിനിൽ 4 പേർക്ക് വീതം ഇരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *